ലണ്ടൻ: ടൈറ്റാനിക് കപ്പലിലെ യാത്രക്കാരി ധരിച്ചിരുന്ന ലൈഫ് ജാക്കറ്റ് 6.7 ലക്ഷം ബ്രിട്ടീഷ് പൗണ്ടിന് (ഏകദേശം 8.39 കോടി രൂപ) ലേലത്തിൽ പോയി. ലോറ മേബിൾ ഫ്രാൻസ്വാടെല്ലി എന്ന ഒന്നാം ക്ലാസ് യാത്രക്കാരിയാണ് ഇതു ധരിച്ചിരുന്നത്. ഇവർക്കൊപ്പം ലൈഫ് ബോട്ടിൽ രക്ഷപ്പെട്ട എല്ലാവരും ഈ ലൈഫ് ജാക്കറ്റിൽ ഒപ്പുവച്ചിട്ടുണ്ട്.
ടൈറ്റാനിക് ലൈഫ് ബോട്ടിലെ ഒരു കുഷ്യൻ 3.9 ലക്ഷം പൗണ്ടിനും ഇതേ ലേലത്തിൽ വിറ്റുപോയി.1912 ഏപ്രിൽ 15ന് ഇംഗ്ലണ്ടിൽനിന്നു ന്യൂയോർക്കിലേക്കു യാത്ര പുറപ്പെട്ട ടൈറ്റാനിക് കപ്പൽ മഞ്ഞുമലയിൽ ഇടിച്ചു മുങ്ങുകയായിരുന്നു. യാത്രക്കാരും ജീവനക്കാരും അടക്കം 1500-2200 പേർ മരിച്ചു.
ടൈറ്റാനിക്കുമായി ബന്ധപ്പെട്ട ലേലത്തിൽ ഏറ്റവും ഉയർന്ന തുക ലഭിച്ചത് ഒരു പോക്കറ്റ് സ്വർണവാച്ചിനാണ്. ടൈറ്റാനിക്കിലെ എഴുനൂറോളം പേരെ രക്ഷപ്പെടുത്തിയ കാർപാത്യ എന്ന കപ്പലിന്റെ ക്യാപ്റ്റന്റേതായിരുന്നു വാച്ച്. 2024ലെ ലേലത്തിൽ 15.6 ലക്ഷം പൗണ്ടാണ് ലഭിച്ചത്.